വോളന്റീർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു പോകാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുമൊക്കെയായി എല്ലാ തിയേറ്ററുകളിലും ഹാം റേഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇത്തവണ. ഓരോ മൊബൈല്‍ ഫോണ്‍ ടവറിനും ആശയവിനിമയം നടത്താനുള്ള ഒരു നിശ്ചിത കാപ്പാസിറ്റിയുണ്ട്. അതില്‍ കൂടുതല്‍ ആവുമ്പോളാണ് മൊബൈല്‍ ഫോണില്‍ നിന്നും കാളുകള്‍ വിളിക്കാന്‍ തടസ്സം നേരുടിന്ന വിധത്തില്‍ നെറ്റ്വര്‍ക്ക് ജാം ആയി പോകുന്നത്. ഒരു ടവറിനു താഴെ അതിനു താങ്ങാവുന്ന പരിധിയില്‍ കൂടുതലായുള്ള മൊബൈല്‍ ഉപയോഗം വരുമ്പോഴാണ് സാധാരണ ഇത് സംഭവിക്കുക. ആളുകള്‍ കൂടുന്ന ഏതൊരിടത്തും ഇത് സംഭവിക്കാം. ഇത്തരത്തില്‍ നേരിടാന്‍ സാധ്യതയുള്ള ഒരു പ്രശ്നത്തെ മറിക്കടക്കാനാണ് കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഹാം റേഡിയോ ഓപ്പറേറ്റർമാരെ സമീപിച്ചത്.
![]() |
ഐ എഫ് എഫ് കെയിലെ ഹാം റേഡിയോ കണ്ട്രോള്‍ റൂം |
വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു പോകാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുമൊക്കെയായി എല്ലാ തിയേറ്ററുകളിലും ഹാം റേഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇത്തവണ. എല്ലാ തിയേറ്ററുകളിലെയും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രവർത്തനങ്ങളെ ഏകോപ്പിപ്പിക്കാൻ ടാഗോർ തിയേറ്ററിന് അരികിലെ സെഞ്ച്വറി ഹാളിനോട് ചേർന്ന് ഹാം റേഡിയോ സർവ്വീസിന്റെ കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.
സന്ദേശങ്ങൾ കൈമാറാനും അടിയന്തിര സന്ദർഭങ്ങളിലെ വാർത്താവിനിമയം സാധ്യമാക്കാനുമായി നിശ്ചിത ആവർത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ (അമച്വർ റേഡിയോ) എന്നു പറയുന്നത്. ലോകം മുഴുവൻ സുഹൃത്തുക്കൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയാണ് ഹാം റേഡിയോ എങ്കിലും ആവശ്യസന്ദർഭങ്ങളിൽ സേവനങ്ങൾക്കായി ഉപയോഗിക്കുന്നു. Help all mankind എന്നതിന്റെ ചുരുക്കപ്പേരാണ് ഹാം എന്നും, അല്ല ഈ റേഡിയോ സിസ്റ്റം കണ്ടെത്തിയ ഹൈമെൻ, ആർമേ, മുറെ എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളുടെ ചുരുക്കെഴുത്താണ് ഹാം എന്നും പറയുന്നുണ്ട്.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഏക വിനോദം, ലൈസൻസ് ആവശ്യമുള്ള ഏക വിനോദം എന്ന പ്രത്യേകതയും ഹാം റേഡിയോക്കു ഉണ്ട്. ഒരു ഹാം യൂസർക്ക് നൽകിയ കാള്‍ സൈൻ ലോകത്ത് മറ്റാർക്കും ഉണ്ടാകില്ല എന്നതാണ് മറ്റൊരു സവിശേഷത. ഇന്റർനാഷണൽ കോഡ് ആയാണ് ഹാമിന്റെ കാൾ സൈൻ കണക്കാക്കപ്പെടുന്നത്. ‘One world one language’ എന്നതാണ് ഹാം റേഡിയോയുടെ ആപ്തവാക്യം.
മറ്റെല്ലാ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായാലും ഹാം റേഡിയോ പ്രവർത്തിക്കും. ദുരന്തനിവാരണ വാർത്താ മേഖലയിൽ ഏറെ പ്രസിദ്ധമാണ് ഈ റേഡിയോ സംവിധാനം. മൊബൈലും ഇന്റർനെറ്റുമൊക്കെ നിലച്ചു പോയാലും ഹാം റേഡിയോ വഴിയുള്ള ആശയവിനിമയം സാധ്യമാണ്. സുനാമി സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപിലും ഗുജറാത്ത് ഭൂചലനസമയത്തും, ഉത്തരേന്ത്യയിലെയും നേപ്പാളിലെയും ഭൂകമ്പസമയത്തും, എന്തിന് പ്രളയസമയത്ത് ഒറ്റപ്പെട്ട തുരുത്തുകളായി മാറിയ ചെങ്ങന്നൂരിലും വയനാട്ടിലും വരെ ഹാം റേഡിയോ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ സുഗമമായി നടത്തിയിരുന്നു.
മേളയില്‍ ഹാം റേഡിയോയ്ക്ക് എന്ത് കാര്യം?
ദുരന്തമുഖങ്ങളിലെ രക്ഷകസാന്നിധ്യമായ ഹാമിന് ഐഎഫ്എഫ്കെ പോലുള്ള ഒരു ചലച്ചിത്രമേളയിൽ എന്ത് കാര്യം എന്ന ആകാംക്ഷയോടെയാണ് ഹാം റേഡിയോ കൺട്രോൾ റൂമിനെ സമീപിച്ചത്. ആ ചോദ്യത്തിന് ഉത്തരം നൽകിയത് ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുടെ സെക്രട്ടറിയായ കെ. നിഷാന്ത് ആണ്.
“ഒരുപാട് ആളുകൾ വരുന്ന സമയത്ത് ആളുകൾ പരസ്പരം മൊബൈലിൽ വിളിക്കാൻ ശ്രമിക്കും. ഒരു ടവറിന് പരമാവധി 1000-1500 കോളുകൾ ഒക്കെയെ ഒരേ സമയം അറ്റൻഡ് ചെയ്യാൻ സാധിക്കൂ. പകരം പതിനായിരങ്ങൾ വരുമ്പോൾ ബുദ്ധിമുട്ടാവും. നെറ്റ്‌വർക്കിൽ ജാമിങ്ങ് വരും. അപ്പോഴെല്ലാം മെസേജുകൾ പാസ് ചെയ്യാൻ ഏറ്റവും നല്ല സംവിധാനം വയർലെസ്സ് ആണ്,” നിഷാന്ത് വിശദമാക്കി.
“വിഎച്ച്ആർ സംവിധാനം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ അനുമതിയോടെ, ചലച്ചിത്ര അക്കാദമി ആവശ്യപ്പെട്ടതു പ്രകാരം സൗജന്യസേവനമാണ് ഞങ്ങളിപ്പോൾ നൽകുന്നത്. ഓരോ തിയേറ്ററിലും ഹാം റേഡിയോ ഓപ്പറേറ്റേഴ്സ് ഉണ്ട്. ഓരോ തിയേറ്ററിലെയും ആവശ്യങ്ങൾ, അവിടെ നടക്കുന്ന പ്രശ്നങ്ങൾ ഒക്കെ കൃത്യമായി കൺട്രോൾ റൂമിൽ അറിയിക്കുകയും അവിടുന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ സഹായിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. കറന്റ് പോയാൽ പോലും ഹാം റേഡിയോകൾ പ്രവർത്തിക്കും. ഇവിടുന്നുള്ള സന്ദേശങ്ങൾ മറ്റു ജില്ലകളിലേക്ക് അയക്കണമെങ്കിൽ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്,” നിഷാന്ത് കൂട്ടിച്ചേർത്തു.
![]() |
കെ. നിഷാന്ത്,(VU3MOE) |
പ്രളയസമയത്തും ദുരന്തമുഖത്ത് സജീവമായി ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുണ്ടായിരുന്നു.
“ചെങ്ങന്നൂരിലെ പ്രളയമുഖത്തും ഞങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാടിൽ ഗജ അടിച്ചപ്പോഴും തമിഴ്നാട് സർക്കാർ ഞങ്ങളുടെ സേവനം ആശ്രയിച്ചിരുന്നു. അവർക്ക് ഹാം സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ഞങ്ങൾ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർമാർ കൂടിയാണ്. കേരള ഫയർഫോഴ്സിന്റെ സിആർവിയിലും ഞങ്ങളുണ്ട്,” നിഷാന്ത് വ്യക്തമാക്കി.
നാനാ തുറകളില്‍പെട്ടവര്‍ ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയിൽ അംഗങ്ങളാണ്. സർവയർ ഡിപ്പാർട്ടമെന്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച രാജശേഖരൻ നായരാണ് ഈ സൊസൈറ്റിയുടെ പ്രസിഡന്റ്.
ഹാം റേഡിയോ ഉപയോഗിക്കാൻ വേണ്ട യോഗ്യതകള്‍
“കേന്ദ്ര സർക്കാറിന്റെ ലൈസൻസ് ഉള്ളവർക്കു മാത്രമേ ഹാം റേഡിയോ ഉപയോഗിക്കാൻ പാടുള്ളൂ. അതിനൊരു ടെസ്റ്റുണ്ട്. 12 വയസ്സുകഴിഞ്ഞ ആർക്കും ഈ ടെസ്റ്റ് എഴുതാം. പൊതുജനങ്ങൾക്ക് ഈ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയില്ല. ഈ സംവിധാനത്തെ കൂടുതലായി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതു കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഗുണവശങ്ങൾ പൊതുജനങ്ങളും സംഘടനകളും അറിയണമെന്ന ലക്ഷ്യത്തോടെയാണ് തീർത്തും സൗജന്യമായി ഞങ്ങൾ ഈ സേവനം നൽകുന്നത്,” രാജശേഖരൻ നായർ വ്യക്തമാക്കി.
![]() |
രാജശേഖരന്‍ നായര്‍, VU2RJR |
20 ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട് ഇവിടെ ഐഎഫ്എഫ്കെ ഡ്യൂട്ടിയിൽ. സർക്കാർ തന്ന കോൾ സൈൻ ഉപയോഗിച്ചാണ് ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുക. കമ്മ്യൂണിക്കേഷനിടെ പേരെടുത്തു പറയില്ല. പല വാക്കുകളും കോഡ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുക. ഇന്ന സാധനം ഇവിടെ എത്തിയിട്ടുണ്ട് എന്നു പറയുന്നതിന് പകരം QSL എന്ന കോഡ് ഉപയോഗിക്കും. കുഞ്ഞു കുഞ്ഞു കോഡുകളിലൂടെ വലിയ ആശയങ്ങൾ കൈമാറും. ആൽഫ, ബ്രാവോ, ചാർലി, ഡെൽറ്റ തുടങ്ങിയ ഫോണിറ്റിക് ആൽഫബെറ്റ് ആണ് കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത്,” നിഷാന്ത് വിശദമാക്കി.
മമ്മൂട്ടി, കമലഹാസൻ, അമിതാഭ് ബച്ചൻ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ഹാം റേഡിയോ ഉപയോഗിക്കാൻ അറിയുന്നവരാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഹാം റേഡിയോ യൂസർ ആയിരുന്നു. രാജീവ് ഗാന്ധിയുമായി വയർലെസ്സിൽ സംസാരിച്ച അനുഭവവുമുണ്ട് ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുടെ പ്രസിഡന്റായ രാജശേഖരൻ നായർക്ക്.
{source Internet, Content credit | malayalam.indianexpress.com}