എപ്പോഴും സജീവം : ലോകത്തെ ആദ്യ സോഷ്യൽ മീഡിയയാണു ഹാം റേഡിയോ.ഇന്ത്യയിൽ ഹാം ലൈസൻസ് എടുത്തവരിൽ ഡോക്‌ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്‌ധര്‍ എന്നിവരാണു കൂടുതല്‍. നമ്മുടെ ഏതു സംശയങ്ങൾക്കും മറുപടി തരാൻ കഴിയുന്ന ഒരു ഹാം എപ്പോഴും റേഡിയോയിൽ കാണും. ഹാമുകൾക്ക് അടുത്ത രാജ്യത്തെ ഹാമുകളുമായി മാത്രമല്ല, ബഹിരാകാശ യാത്രികരുമായും സംസാരിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്.
മൊബൈലും ഇന്റർനെറ്റും ലാപ്പും ടാബും കഴിഞ്ഞ് സ്മാർട്ഫോൺ അടക്കമുള്ള വാർത്താ വിനിമയത്തിന്റെ വിസ്മയങ്ങൾ കണ്ടും കേട്ടും അറിഞ്ഞവരാണു പുത്തൻ തലമുറ. എന്നാൽ 4 ജി ആയാലും 5 ജി ആയാലും ഭൂമി കുലുക്കം വന്നാൽ തീരാവുന്ന വാർത്താ വിനിമയ സംവിധാനങ്ങളെ ഇന്നും നമുക്കുള്ളു. അതിനിടയിലാണു പാരമ്പര്യത്തിന്റെ കരുത്തോടെ ‘ഹാം റേഡിയോ’ തലയെടുപ്പോടെ നിൽക്കുന്നത്.
ഫോണിനു ടവറും റേഞ്ചുമില്ലാത്ത കേരളത്തിലെ ഹൈറേഞ്ചുകളിൽ അടക്കം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു കാലത്തും വാർത്താവിനിമയ സംവിധാനം ഒരുക്കിയത് ഹാമുകളാണ് (ഹാം റേഡിയോ ഉപയോക്താക്കൾ). നിനച്ചിരിക്കാത്ത പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്നതു ഹാമുകൾ തന്നെ.
ഹാം റേഡിയോ എന്നാൽ ഒരു വിനോദമാണ്, ഒപ്പം ഉപകാരിയും. വയർലെസ്, ടെലിഫോൺ ഉൾപ്പെടെയുള്ള സംഭാഷണ മാർഗങ്ങൾ സാധ്യമല്ലാതിരുന്ന കാലത്തുപോലും ആരംഭിച്ച സംഭാഷണമാർഗം. ജില്ലയിലും ഹാമുകൾ (ഹാം റേഡിയോ ഉപഭോക്‌താക്കൾ) സജീവമാണ്.
റേഡിയോയുടേതുപോലെ ലളിതമാണ് ഹാം റേഡിയോയുടെ പ്രവർത്തനങ്ങളും. ബാറ്ററി ചാർജിലൂടെയാണ് പ്രവർത്തിക്കുക. കയ്യിൽവച്ച് പ്രവർത്തിപ്പിക്കുന്നതും നിശ്‌ചിതപരിധിക്കുള്ളിൽ ലഭിക്കുന്നതുമായ വെരി ഹൈ ഫ്രീക്വൻസി ട്രാൻസീവേഴ്‌സ്, ലോകം മുഴുവൻ ബന്ധപ്പെടാവുന്ന ഹൈ ഫ്രീക്വൻസി ട്രാൻസീവേഴ്‌സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ഹാം റേഡിയോ.
നിയമപ്രകാരം 12 വയസുകഴിഞ്ഞ ആർക്കും ഹാം ആകാം. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നേരിട്ടു നടത്തുന്ന യോഗ്യതാപരീക്ഷ പാസാവുന്നവർക്കു ഹാം റേഡിയോ ലൈസൻസിന് അപേക്ഷിക്കാം. പ്രത്യേക പരീക്ഷ പാസാകുന്നതോടെ വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ലൈസൻസും കോൾ സൈനും ലഭിക്കും. ഇത് ഉപയോഗിച്ച് പ്രത്യേക കോഡുഭാഷയിൽ പരിചയപ്പെടുത്തിയ ശേഷമാണ് കൂടുതൽ സംഭാഷണങ്ങൾ ആരംഭിക്കുക. ബിസിനസ്, ലൈംഗികത, രാഷ്‌ട്രീയം ഇവ സംസാരിക്കാൻ പാടില്ല.ഓരോ സംഭാഷണങ്ങളും തിരുവനന്തപുരത്തെ റീജനൽ വയർലെസ് മോനിറ്ററിങ് സ്‌റ്റേഷൻ നിരീക്ഷിക്കും. കച്ചവടം, വഴിവിട്ട സംസാരങ്ങൾ, രാഷ്‌ട്രീയം... ഇവ നടത്തുന്നവർക്ക് ആദ്യം മുന്നറിയിപ്പു ലഭിക്കും. തുടർന്നാൽ ലൈസൻസ് റദ്ദാക്കും.
വിനോദത്തിനുപരി, പ്രകൃതി ദുരന്തം ഉണ്ടാകുന്ന മേഖലകളിൽ മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളും പരാജയപ്പെടുമ്പോൾപോലും ഉപയോഗിക്കാം എന്നാണ് ഹാം റേഡിയോയുടെ ഏറ്റവും വലിയ ആകർഷണം.
കേരളത്തിൽ രണ്ടായിരത്തിലധികം പേർക്ക് ഹാം ലൈസൻസുണ്ട്. തൃശൂരിൽ അറുപതോളം പേരാണുള്ളത്. 400 രൂപ ചെലവിലും ലക്ഷങ്ങൾ മുടക്കിയും റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിയും. ഇന്ത്യയിൽ ഏകദേശം 25000 ഹാമുകളുണ്ട്. യുഎസ്എയിൽ എട്ടു ലക്ഷവും ജപ്പാനിൽ 15 ലക്ഷവുമാണു ഹാമുകളുടെ എണ്ണം. അടിക്കടി പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന ജപ്പാനിൽ അവശ്യ സംവിധാനമാണ് ഹാം റേഡിയോ.
No comments:
Post a Comment
Note: Only a member of this blog may post a comment.