Wednesday, December 26, 2018

വിദ്യാഭ്യാസ പദ്ധതിയില്‍ ദുരന്ത നിവാരണം ,ഹാം റേഡിയോ നിര്‍ബന്ധമാക്കണം

ദുരന്ത നിവാരണം സുനാമിക്കു ശേഷം സിബിഎസ്ഇ സിലബസില്‍ 9,10 ക്ലാസുകളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ”ടുഗെതര്‍ ടുവേഡ്‌സ് എ സേഫര്‍ ഇന്ത്യ ‘ എന്ന പേരില്‍ മൂന്ന് പാര്‍ട്ടുകളായി ടെക്സ്റ്റ് ബുക്കുകള്‍ വഴി പഠിപ്പിച്ചിരുന്നു.സാധാരണക്കാരുള്‍പ്പെടെ യുള്ളവര്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ആ പാഠപുസ്തകങ്ങളിലുണ്ടായിരുന്നു. അത് പഠിപ്പിച്ച അധ്യാപികയെന്ന നിലയില്‍ ഇന്ന് അത്തരം ഒരു സിലബസിന്റെ ആവശ്യം ഊന്നിപ്പറയുന്നു. അമിത പഠനഭാരമെന്ന പരാതി ഉയര്‍ന്നപ്പോള്‍ സിബിഎസ്ഇ ആ വിഷയം സാമൂഹ്യ ശാസ്ത്ര സിലബസില്‍ നിന്നെടുത്തു മാറ്റുകയായിരുന്നു. സമാനമായ പാഠ്യ പദ്ധതി അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

ഹാം റേഡിയോ വ്യാപകമാകണം

ദുരന്ത ശേഷം വന്ന ഏറ്റവും വലിയ പ്രതിസന്ധി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണ്. ഇത് പരിഹരിക്കാന്‍ ഹാം റേഡിയോ എന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനം ഉപയോഗിക്കാം. കേരളത്തില്‍ ഇത് വ്യാപകമല്ല. 13 വയസു മുതലുള്ള ആര്‍ക്കും ഹാം റേഡിയോ ഓപ്പറേറ്ററാകാം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നടത്തുന്ന ലളിതമായ പരീക്ഷ പാസായാല്‍ ലൈസന്‍സ് ലഭിക്കും. കൂടുതല്‍ പേര്‍ ഹാം റേഡിയോ ലൈസന്‍സ് എടുത്ത് ദുരന്ത നിവാരണത്തില്‍ സജീവമാകണം

ദുരന്ത ശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പു മുതലുള്ള കാര്യത്തില്‍ പ്രാവീണ്യമുള്ളവര്‍ നമുക്ക് കുറവാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ ദുരന്ത നിവാരണ മുഖത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗധരുടെ സേവനം ഇതിനായി ഉപയോഗിക്കാം.