Wednesday, December 26, 2018

ഹാം റേഡിയോ രംഗത്തെ കാർഷിക ശാസ്ത്രജ്ഞൻ

VU3NRK
വയനാട്ടിലെ  വാനിലതോപ്പില്‍ ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഒളിഞ്ഞിരിക്കുന്നു. എന്‍ആര്‍കെ എന്നറിയപ്പെടുന്ന പുല്‍പ്പള്ളി മൂഴിമല നിരപ്പത്ത് കുമാരന്‍. വയസ് 60. ജനിച്ചത് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍. 1966ല്‍ വയനാട്ടിലെത്തി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ശില്‍പ്പിയാണ് എന്‍ആര്‍കെ. അടുത്തിടെ അദ്ദേഹം കണ്ടെത്തിയ ശ്രദ്ധേയമായ ഒരു യന്ത്രം ബൈക്ക് മോഷ്ടാക്കള്‍ക്ക് പണി കൊടുക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് മോഷണം തടയാന്‍ പര്യാപ്തമാണ് ഈ നൂതന ഉപകരണം. ഒരു റിസീവിങ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വെര്‍ട്ടിക്കല്‍ സെന്‍സര്‍, അലാം സര്‍ക്യൂട്ട് എന്നീ ഭാഗങ്ങളടങ്ങുന്ന സ്മാര്‍ട്ട്‌ലോക്ക് ബൈക്കില്‍ ഘടിപ്പിച്ചാല്‍ വാഹന മോഷണം തടയാനാകും. ഉടമയുടെ കൈയിലുള്ള ചെറിയ റിമോട്ട് വഴി വാഹനം സുരക്ഷിതം. റിമോട്ട് ഉപയോഗിച്ച് ലോക്ക് ഓഫാക്കിയില്ലെങ്കില്‍ സൈഡ് സ്റ്റാന്റിലിട്ട് വാഹനം ഉയര്‍ത്തിയാല്‍പോലും അലാം മുഴങ്ങും. മോഷ്ടാക്കള്‍ക്ക് വാഹനം തള്ളികൊണ്ടു പോകാനും സാധിക്കില്ല. ബാറ്ററി വിച്ഛേദിച്ചാലും അലാം ഓഫാക്കാന്‍ കഴിയില്ല. താക്കോല്‍ ഉപയോഗിച്ച് കള്ളന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയാലും വാഹനം ഓടില്ല, റിമോട്ട് ഉണ്ടെങ്കില്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ടാവുകയുള്ളു. 1500 രൂപ മാത്രമാണ് സ്മാര്‍ട്ട് ലോക്കിന്റെ നിര്‍മ്മാണച്ചെലവെന്ന് കുമാരേട്ടന്‍ പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ ചുരുങ്ങിയ വിലക്കുതന്നെ ഡിവൈസ് വില്‍ക്കാനാവുമെന്നുമാണ് കുമാരേട്ടന്റെ അഭിപ്രായം.

1990ല്‍ ഹാം റേഡിയോ കോഴ്‌സ് പാസായി ലൈസന്‍സ് സമ്പാദിച്ചതോടെയാണ് ഈ യുവ കാര്‍ഷിക ശാസ്ത്രജ്ഞന്‍ വയനാട്ടില്‍ ശ്രദ്ധേയനാവുന്നത്. ജില്ലയില്‍ ഹാം റേഡിയോ കൈവശമുള്ള പത്ത് പേരില്‍ ഒരാളാണ് എന്‍ആര്‍കെ. ഹാം റേഡിയോ കൊണ്ട് നിരവധി പുലിവാലുകളും ഇദ്ദേഹം പിടിച്ചിട്ടുണ്ട്. റാഞ്ചിയിലെ സഹോദരന്‍ മരണപ്പെട്ട വിവരം നെറ്റ് സര്‍വീസ് വഴി ലഭിച്ച അക്കാലത്ത് 20 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്താണ് സന്ദേശം കൈമാറാനായത്. ആളുകളുടെ വിലാസം കണ്ടെത്തുന്നത് അതിലും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. ലാത്തൂരിലെ ഭൂകമ്പ സമയത്ത് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതോടെ ഗുജറാത്ത് സര്‍ക്കാര്‍ ഹാം റേഡിയോയെയാണ് പൂര്‍ണ്ണമായും ആശ്രയിച്ചത്. കേരളത്തിലെ ഇരുപതോളം റേഡിയോ ഉടമകള്‍ ലാത്തൂരില്‍ സേവനമനുഷ്ഠിച്ചു. എന്‍ആര്‍കെക്ക് ക്ഷണം ലഭിച്ചെങ്കിലും പോകാനായില്ല. 12 വോള്‍ട്ട് ബാറ്ററിയും ആന്റിനക്ക് വേണ്ട ചെമ്പ് കമ്പികളും എക്യുപ്പ്‌മെന്റുമായാല്‍ ഹാം റേഡിയോയായി. 1991ല്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കണ്ട എന്‍ആര്‍കെയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ആദരിക്കുകയും അദ്ദേഹത്തിന് സൗജന്യമായി വൈദ്യുതി കണക്ഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വോള്‍ട്ടേജ് ക്ഷാമം കൊണ്ട് കഷ്ടപ്പെട്ട പുല്‍പ്പള്ളിക്കാര്‍ക്ക് അനുഗ്രഹമായാണ് അദ്ദേഹം പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്തത്. വൈദ്യുതിയുടെ ആമ്പിയര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൊച്ചു ട്രാന്‍സ്‌ഫോര്‍മറായിരുന്നു അത്. പത്ത് വോള്‍ട്ട് വൈദ്യുതി ലൈനിലുണ്ടെങ്കില്‍ ഒമ്പത് ട്യൂബുകള്‍ വരെ കത്തിക്കാന്‍ ഈ ഉപകരണം വഴി സാധിക്കും. ഒരു സ്റ്റോറേജ് ബാറ്ററി ഘടിപ്പിച്ചാല്‍ എമര്‍ജന്‍സിയായും ഉപയോഗിക്കാം. ലൈനില്‍ 110 വോള്‍ട്ടിലെറെ വൈദ്യുതി വന്നാല്‍ ഉപകരണം താങ്ങും. 750 രൂപ മുതല്‍ 1500 രൂപ വരെയായിരുന്നു അതിന്റെ ചെലവ്. പുല്‍പ്പള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം സെക്രട്ടേറിയേറ്റിലെത്തിച്ച എന്‍ആര്‍കെ പുല്‍പ്പള്ളിക്കാര്‍ക്ക് പ്രിയപ്പെട്ടവനായി. കെഎസ്ഇബിയും അദ്ദേഹത്തിന്റെ കഴിവുകളെ ആദരിച്ചു.

ഏതായാലും ഇതോടെ പുല്‍പ്പള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വയനാട്ടില്‍ വാനില കൃഷിക്ക് പ്രാധാന്യം കൈവന്നതോടെ കാര്‍ഷിക മേഖല ശക്തിപ്പെട്ടു. ഇതോടെ വാനില മേഖലയില്‍ മോഷണവും വ്യാപകമായി. മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതെവന്നതോടെ ഇതിനൊരു പോംവഴി എന്‍ആര്‍കെ കണ്ടെത്തി. തോട്ടം കാക്കാനായി ഒരു ഇലക്‌ട്രോണിക്‌സ് യന്ത്രം അദ്ദേഹം വികസിപ്പിച്ചു. തെഫ്റ്റ് ഇന്‍ഫര്‍മേഷന്‍ പവര്‍ പ്രോസസ്സിങ് യൂണിറ്റ് എന്ന യന്ത്രം അക്കാലത്ത് മോഷ്ടാക്കളെ തോട്ടങ്ങളില്‍നിന്നകറ്റി. ഇതൊരു മിനി റോബോട്ടാണ്. തോട്ടത്തിലോ വീട്ടിലോ സ്ഥാപനങ്ങളിലോ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നേരിയ ചെമ്പ് കമ്പികളില്‍നിന്നാണ് വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തുക. ഇവിടെ നിന്നും സെര്‍ച്ച് യൂണിറ്റിലെത്തുന്ന കമാന്‍ഡുകള്‍ അപരിചിതന്റെ ആഗമനവും ദിശയും മനസിലാക്കി ആ ഭാഗത്തേക്ക് തിരിഞ്ഞ് സെര്‍ച്ച് ലൈറ്റ് അടിക്കുകയും സൈറണ്‍ മുഴങ്ങുകയും ചെയ്യും. അന്ന് 3500 രൂപയായിരുന്നു അതിന്റെ വില. ടെലിഫോണിന്റെ സുരക്ഷിതത്വം കണക്കാക്കി എന്‍ആര്‍കെ രൂപകല്‍പ്പന ചെയ്ത സെയ്ഫ് കോള്‍ ഉപകരണവും ഏറെ ശ്രദ്ധേയമായിരുന്നു. ഫോണുമായി യാതൊരു ബന്ധവുമില്ലാതെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയം ഓഡിയോ സെന്‍സര്‍ യൂണിറ്റുവഴി തരംഗങ്ങളെ കണ്‍ട്രോള്‍ യൂണിറ്റിലെത്തിച്ച് ഇതുമായി ഘടിപ്പിച്ച സ്പീക്കറിലൂടെ ഫോണില്‍ സംസാരിക്കുന്നതെന്തും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും എന്നതായിരുന്നു ഈ ഉപകരണത്തിന്റെ പ്രത്യേകത. ഇടിമിന്നല്‍ വഴി വ്യാപകമായി അപകടമുണ്ടായ വയനാട്ടില്‍ ഇതും ശ്രദ്ധേയമായി. ഫോണ്‍ കൈയിലെടുക്കാതെതന്നെ മിന്നലില്‍നിന്ന് രക്ഷനേടാം. രഹസ്യസ്വഭാവമില്ലാത്ത കോളുകള്‍, ഫാമിലി, ഓഫീസ് കോണ്‍ഫറന്‍സിലോ ഇത് പ്രയോജനപ്പെടുത്താം. സൈലോഡ്രം എന്ന ലളിതമായ ഒരു സംഗീത ഉപകരണത്തിന് 1987ല്‍ എന്‍ആര്‍കെ രൂപകല്‍പ്പന ചെയ്തിരുന്നു. തബലിസ്റ്റുകൂടിയായ എന്‍ആര്‍കെ ജാസിന് പകരം ഉപയോഗിക്കുന്ന രീതിയിലാണ് ഇത് പാകപ്പെടുത്തിയത്. അഞ്ച് പാര്‍ട്ടുകളും വേര്‍പെടുത്തി ഒരു ബാഗിലാക്കി കൊണ്ടുനടക്കാമെന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കാപ്പിതോട്ടങ്ങളിലെയും വാനിലതോട്ടങ്ങളിലെയും പച്ചക്കറി തോട്ടങ്ങളിലെയും കീടങ്ങളെ ആകര്‍ഷിക്കുന്നതിനായി അദ്ദേഹം കണ്ടെത്തിയ സോളാര്‍ ലാമ്പും ഏറെ ശ്രദ്ധേയമാണ്. രാത്രികാലങ്ങളില്‍ ഒരു പ്രത്യേകവെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്ന കീടങ്ങള്‍ റാന്തലിന് ചുറ്റും വിന്യസിച്ചിരിക്കുന്ന നേരിയ ചെമ്പുകമ്പികളില്‍ തട്ടി ചിറകരിഞ്ഞ് നിലംപൊത്തുന്നു. ഇത്തരത്തില്‍ അനേകം നേട്ടങ്ങളുടെ ഉടമയാണ് പുല്‍പ്പള്ളിക്കാരുടെ കുമാരേട്ടന്‍. പ്രതിമാ നിര്‍മാണരംഗത്തും കുമാരേട്ടന്‍ ശ്രദ്ധേയനാണ്. മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്‌പേയ് മുതല്‍ നിരവധി മഹാന്മാരുടെ പ്രതിമകളാണ് അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ബാലചിത്രകാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ശില്‍പ്പമായിരുന്നു. പുല്‍പ്പള്ളി ടൗണില്‍ ഇലക്‌ട്രോണിക്‌സ് കട നടത്തുന്ന കുമാരേട്ടന്‍ പരേതനായ രാമകൃഷ്ണന്‍- ജാനകി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഇലക്ട്രിക്കല്‍ വസ്തുക്കളോട് തോന്നിയ കമ്പമാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചത്. കുസൃതിക്കാരനെപ്പോലെതന്നെ വാച്ചും റേഡിയോയുമൊക്കെ അഴിച്ച് റിപ്പയര്‍ ചെയ്ത് രക്ഷിതാക്കളുടെ പക്കല്‍നിന്നും ധാരാളം അടി വാങ്ങിയതായും അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. കുമാരേട്ടനിലെ കര്‍ഷക ശാസ്ത്രജ്ഞനെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് നാടിന് മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.